എന്റെ കുഞ്ഞേ,

>> Saturday, January 17, 2009


കുഞ്ഞേ,
എനിക്കുമുണ്ടായിരുന്നു ബാല്യകാലം..
പള്ളിക്കൂടം വിട്ടു വരുന്ന വഴിയില്‍
വെള്ളച്ചാലിന്റെ കുത്തൊഴുക്കിലേക്ക്‌ ചെരുപ്പെറിഞ്ഞ്‌
അതിന്റെയൊഴുക്കിനൊപ്പം
കുതിച്ചോടിയ നാളുകള്‍.... !

ചെരുപ്പും ചാലുമറിയാതെ
എപ്പൊഴെന്ന്, എവിടേയ്ക്കെന്നറിയാതെ
ഇനി കാണാത്തിടങ്ങള്‍ താണ്ടി
പാഥേയമില്ലാത്ത പഥികര്‍ക്കൊപ്പം
കുതിച്ചോടുന്ന ബാല്യമെനിക്കന്യമാണ്‌.

പാതിരാവില്‍, പേക്കിനാവിലുണര്‍ന്നാല്‍
ഓടിയൊളിക്കാനൊരു വഴിയറിയാമായിരുന്നു
മൂടിയൊതുങ്ങാനൊരഭയമുണ്ടായിരുന്നു;
ഉമ്മയുടെ മടിത്തട്ടിലേക്ക്‌..

പോര്‍വ്വിളിയുടെ പേക്കൂത്തില്‍ നിന്ന്
കബന്ധങ്ങളുടെ നേര്‍ക്കാഴ്ചയില്‍ നിന്ന്
ഉമ്മയെത്തേടിയ വഴികളില്‍
മയ്യത്തു കട്ടിലേന്തിയ വിലാപയാത്രയില്‍
വഴിയവസാനിച്ചുഴറിയ ബാല്യമെനിക്കറിയില്ല..

വിശന്നു കരഞ്ഞിട്ടുണ്ട്‌ ഞാന്‍
പഠിക്കാതിരുന്ന് കളിച്ചവന്ന്
പള്ളിയില്‍ പോയി, വരാന്‍ വൈകിയവന്ന്
പാതിരാ വരെ പട്ടിണിയെന്ന്
ഉമ്മ പഠിപ്പിച്ചപ്പോള്‍...

ഇരുളടഞ്ഞയറകളിലൊന്നില്‍
‍ഇറുകിയൊട്ടിയ വയറുമായി
ഇടുങ്ങിയിരുന്നുണ്ണുന്നേരം
എന്തിനെന്നിനിയും നീയറിയാത്ത മുരള്‍ച്ചയില്‍
പിന്നെയെല്ലാമൊടുങ്ങിയ മൂകതയില്‍ നിന്നെല്ലാം
ഓടിത്തളര്‍ന്നൊതുങ്ങിക്കരഞ്ഞ ബാല്യം
എങ്ങനെ ഞാനറിയും കുഞ്ഞേ... ?

പൊടി നിനക്കലര്‍ജ്ജിയാണെന്നും പറഞ്ഞ്‌
യാത്രയിലെന്നുമൊരു ശീല തരുമായിരുന്നു ഉമ്മ

ഒന്നു നീയുമെടുത്തു കൊള്‍ക
നീ ജീവിച്ചു വളര്‍ന്നിടങ്ങളിലെ
ഒടുങ്ങാത്ത ധൂളി മറയ്ക്കാനല്ല..
ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

------------------------

16 comments:

sHihab mOgraL January 17, 2009 at 10:01 PM  

"ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍..."
ഈ കുഞ്ഞുമക്കളുടെ നിഷ്ക്കളങ്കതകളില്‍ വിഷം പുരട്ടുന്നവരുടെ ലക്ഷ്യമെന്തായിരിക്കും... ?

പകല്‍കിനാവന്‍ | daYdreaMer January 17, 2009 at 11:46 PM  

ഇരുളടഞ്ഞയറകളിലൊന്നില്‍
‍ഇറുകിയൊട്ടിയ വയറുമായി
ഇടുങ്ങിയിരുന്നുണ്ണുന്നേരം
എന്തിനെന്നിനിയും നീയറിയാത്ത മുരള്‍ച്ചയില്‍
പിന്നെയെല്ലാമൊടുങ്ങിയ മൂകതയില്‍ നിന്നെല്ലാം
ഓടിത്തളര്‍ന്നൊതുങ്ങിക്കരഞ്ഞ ബാല്യം
എങ്ങനെ ഞാനറിയും കുഞ്ഞേ... ?

തകര്‍ത്തു ഈ വരികള്‍... വരട്ടെ ഇനിയും...

Shaf January 18, 2009 at 11:55 AM  

മൊഗ്രാല്‍,
വരികള്‍ക്കുവല്ലാത്തൊരു മാസ്മരികത..
കുഞ്ഞും അമ്മയും ..ആ ബന്‍‌ധ്ം അതിനുപകരം വെക്കാന്‍ എന്തിനു കഴിയും ..
കുട്ടികള്‍ മരിക്കുന്നു എന്നും അവര്‍ക്ക് പരിക്കുപറ്റുന്നു വെന്നും നാം കേള്‍ക്കുന്നു..പക്ഷേ അവര്‍ക്ക് നഷ്ടപെടുന്നതിന്റെ ആഴം , സ്നേഹം ലഭിക്കാത്ത അവസ്ത്ഥ അതൊന്നും ആരും എവിടേയും കാണുന്നില്ല..

ഒത്തിരി നന്നായി ഈ കുറീപ്പ് ..കടമെടുക്കാത്ത കരുണ്യത്തില്‍ കുതിര്‍ന്ന ആ ഭാഷയും..

sHihab mOgraL January 18, 2009 at 8:07 PM  

പകല്‍ക്കിനാവന്‍,
നന്ദി.. ഈ പ്രോത്സാഹനത്തിന്‌.
Shaf,
നന്ദി, ഈ ഉള്‍ക്കൊള്ളലിന്‌..
ഒരു ഹൃദയത്തിലെങ്കിലും ഇത്‌ നൊമ്പരമുണര്‍ത്തിയാല്‍, അങ്ങനെ അറിയാതെൊരു പ്രാര്‍ത്ഥനയുണര്‍ന്നാല്‍ ഞാന്‍ ധന്യനായി....

sreeNu Lah January 20, 2009 at 5:10 PM  

ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

Unknown January 20, 2009 at 5:11 PM  

ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

sreeNu Lah January 20, 2009 at 5:12 PM  

ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

Appu Adyakshari January 21, 2009 at 11:46 AM  

ഷിഹാബ്, സത്യം പറഞ്ഞാല്‍ ഓരോവരിയും മനസ്സില്‍ കൊണ്ടു. കുഞ്ഞിന്റെ വിഹ്വലതകള്‍, ചിന്തകള്‍, കാഴ്ചകള്‍ അനുഭവങ്ങള്‍ എല്ലാം...

വളരെ നന്നായിട്ടുണ്ട്. :)

Anonymous January 21, 2009 at 1:19 PM  

വായനമാത്രമായി ഒതുങ്ങിയതാണ്. പക്ഷെ ഇതിന് ഒരു അഭിപ്രായം പറയാതിരിക്കാനാകില്ല. ഓരോ വരിയും മനസ്സില്‍ തൊടുന്നു. വളരെ ഇഷ്ടമായി

B Shihab January 24, 2009 at 10:47 AM  

ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍
shihab
നന്നായി

sHihab mOgraL January 24, 2009 at 1:06 PM  

ശ്രീനു,
വിനോദം,
അപ്പു,
ശാരു,
ബി. ഷിഹാബ്
എല്ലാവര്‍ക്കും നന്ദി..
ഇവിടെ വന്നതിന്‌..
ആ കുരുന്നുകളുടെ കണ്ണനീരിനിയും വീഴാതിരിക്കട്ടെയെന്നേറ്റു ചൊല്ലിയതിന്‌..

ജ്വാല February 4, 2009 at 7:41 AM  

നന്നായിട്ടുണ്ട്..

sHihab mOgraL February 5, 2009 at 9:24 PM  

നന്ദി ജ്വാലാ

Bindhu Unny February 10, 2009 at 6:13 PM  

കുഞ്ഞുമനസ്സുകളുടെ ശാപം അനുഭവിക്കും നമ്മള്‍.

sHihab mOgraL February 15, 2009 at 4:32 PM  

ബിന്ദു, നന്ദി..
intelligence എന്നെ കുടുക്കാനാണു ഭാവമെന്നു തോന്നുന്നു. . .

Ranjith chemmad / ചെമ്മാടൻ February 23, 2009 at 8:30 PM  

ഷിഹാബ്,
വ്യഥിത തീരത്തണഞ്ഞ
അസ്വസ്ഥ നൗകകള്‍ നമ്മള്‍ പ്രവാസികള്‍ അല്ലേ...
(ചുള്ളിക്കാട് ശൈലിയില്‍)

കണിട്ടില്ലായിരുന്നു, വായിച്ചിട്ടില്ലായിരുന്നു....
തൊട്ടടുത്തുള്ള ഈ കവിഹൃദയത്തെ!
മീറ്റിന് നന്ദി...
തുടര്‍ന്നെഴുതുക, ആശംസകള്‍...