മരിക്കാത്ത ചോദ്യങ്ങള്‍

>> Saturday, January 10, 2009

ഉമ്മാ,
ഇന്നലെയെന്‍ കൂടെക്കളിച്ചെന്‍ കൂട്ടുകാരന്‌
ഇന്നെന്തിന്‌
തലയിലൊരു വെള്ളത്തുണിക്കീറ്‌... ?
ഞങ്ങളൊന്നിച്ച്‌ കളിക്കേണ്ട നേരം
ആശുപത്രിയിലേക്കെന്നും പറഞ്ഞ്‌
ഇനിയവനെ കൊണ്ടു പോകരുത്‌...
അല്ലെങ്കിലും
ഇനിയുമവനെ കൊണ്ടു പോകാന്‍
‍പട്ടണത്തില്‍ ആശുപത്രിയില്ലെന്ന്,
അത്‌ പൊളിഞ്ഞു വീണെന്ന്
ഉമ്മ തന്നെ പറഞ്ഞില്ലേ...

ഉമ്മാ,
തിരികെവരുമ്പോള്‍ ‍കളിപ്പാട്ടം കൊണ്ടുവരാമെന്ന്
വെറുതെയെന്നെ കൊതിപ്പിച്ചിട്ട്‌
ഉപ്പയെന്തേ
ഇനിയും മടങ്ങിവരുന്നില്ല...

ഉമ്മാ,
അപ്പുറത്തെ വീട്ടില്‍
പുതിയ കുഞ്ഞുവാവയുണ്ടെന്ന്
കുഞ്ഞുവാവ ചിരിച്ചു കാണിക്കുന്നെന്ന്
കള്ളം പറഞ്ഞതെന്തിനെന്നോട്‌... ?
അവിടെ കുഞ്ഞു വാവയില്ല... താത്തയും....

ഉമ്മാ,
പകലുച്ചയായിട്ടുമെന്താണുമ്മാ
വെളിച്ചം വരാത്തത്‌...
ഇരുട്ടു നിറയുന്നത്‌..
പുക പടരുന്നത്‌...

ഉമ്മാ,
നോക്ക്‌...
നമ്മുടെ വീടൊരു ഭാഗം
പൊളിഞ്ഞുവീഴുന്നെന്നറിഞ്ഞിട്ടും
ഉമ്മയെന്തേ ഇനിയുമുണരുന്നില്ല... ... ?
ഉമ്മാ...

6 comments:

sHihab mOgraL January 10, 2009 at 12:11 PM  

മനസ്‌ സങ്കടപ്പെട്ടപ്പോള്‍ എഴുതിയത്‌...

Shaf January 12, 2009 at 10:04 AM  

ഷിഹാബ്,,,
ദിവസകും ഒരുപാട് മെയിലുകളും പോസ്റ്റുകളും കിട്ടുന്നു ഈ വിഷയത്തില്‍..ഈ കവിത എന്നെ വല്ലാത്തെ ആകര്‍ശിച്ചു..നല്ല വരികള്‍
ആരുത്തരം നല്‍കും ഈ കുഞ്ഞിന്റെ ചോദ്യത്തിന്..
ഷിഹാബ് ആ കൂഞ് നമ്മോട് ചോദിക്കുന്നില്ലെ...?

ഇക്കാ,
നിങ്ങള്‍കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു..?

സുല്‍ |Sul January 12, 2009 at 11:54 AM  

ഉമ്മാ,
നോക്ക്‌...
നമ്മുടെ വീടൊരു ഭാഗം
പൊളിഞ്ഞുവീഴുന്നെന്നറിഞ്ഞിട്ടും
ഉമ്മയെന്തേ ഇനിയുമുണരുന്നില്ല... ... ?
ഉമ്മാ...

ഈ കരച്ചിലിനിയെന്നൊരവസാനം?
-സുല്‍

Appu Adyakshari January 12, 2009 at 12:43 PM  

അവസാനവരിയില്‍ ശരിക്കും ഞെട്ടിപ്പോയി ഷിഹാബേ...

പകല്‍കിനാവന്‍ | daYdreaMer January 15, 2009 at 12:29 PM  

നീറ്റല് വരികളില്‍ നിറയുന്നു... ഒത്തിരി നൊമ്പരങ്ങള്‍ ... നല്ല എഴുത്ത്...

sHihab mOgraL January 17, 2009 at 8:08 PM  

Shaf,
ആ ചോദ്യങ്ങള്‍ കാതില്‍ തട്ടുന്നുണ്ട്‌.
ഇത്‌ മനുഷ്യത്വം അവസാനിക്കുന്നതിണ്റ്റെ അടയാളമാണോ സുല്‍.. ?
ആ നിസഹായത എങ്ങനെ ഞെട്ടിക്കാതിരിക്കും അപ്പൂ...
പകല്‍ക്കിനാവന്‍,
ഈ നൊമ്പരങ്ങളിനിയെന്നു തീരും.. ?