എന്റെ കുഞ്ഞേ,

>> Saturday, January 17, 2009


കുഞ്ഞേ,
എനിക്കുമുണ്ടായിരുന്നു ബാല്യകാലം..
പള്ളിക്കൂടം വിട്ടു വരുന്ന വഴിയില്‍
വെള്ളച്ചാലിന്റെ കുത്തൊഴുക്കിലേക്ക്‌ ചെരുപ്പെറിഞ്ഞ്‌
അതിന്റെയൊഴുക്കിനൊപ്പം
കുതിച്ചോടിയ നാളുകള്‍.... !

ചെരുപ്പും ചാലുമറിയാതെ
എപ്പൊഴെന്ന്, എവിടേയ്ക്കെന്നറിയാതെ
ഇനി കാണാത്തിടങ്ങള്‍ താണ്ടി
പാഥേയമില്ലാത്ത പഥികര്‍ക്കൊപ്പം
കുതിച്ചോടുന്ന ബാല്യമെനിക്കന്യമാണ്‌.

പാതിരാവില്‍, പേക്കിനാവിലുണര്‍ന്നാല്‍
ഓടിയൊളിക്കാനൊരു വഴിയറിയാമായിരുന്നു
മൂടിയൊതുങ്ങാനൊരഭയമുണ്ടായിരുന്നു;
ഉമ്മയുടെ മടിത്തട്ടിലേക്ക്‌..

പോര്‍വ്വിളിയുടെ പേക്കൂത്തില്‍ നിന്ന്
കബന്ധങ്ങളുടെ നേര്‍ക്കാഴ്ചയില്‍ നിന്ന്
ഉമ്മയെത്തേടിയ വഴികളില്‍
മയ്യത്തു കട്ടിലേന്തിയ വിലാപയാത്രയില്‍
വഴിയവസാനിച്ചുഴറിയ ബാല്യമെനിക്കറിയില്ല..

വിശന്നു കരഞ്ഞിട്ടുണ്ട്‌ ഞാന്‍
പഠിക്കാതിരുന്ന് കളിച്ചവന്ന്
പള്ളിയില്‍ പോയി, വരാന്‍ വൈകിയവന്ന്
പാതിരാ വരെ പട്ടിണിയെന്ന്
ഉമ്മ പഠിപ്പിച്ചപ്പോള്‍...

ഇരുളടഞ്ഞയറകളിലൊന്നില്‍
‍ഇറുകിയൊട്ടിയ വയറുമായി
ഇടുങ്ങിയിരുന്നുണ്ണുന്നേരം
എന്തിനെന്നിനിയും നീയറിയാത്ത മുരള്‍ച്ചയില്‍
പിന്നെയെല്ലാമൊടുങ്ങിയ മൂകതയില്‍ നിന്നെല്ലാം
ഓടിത്തളര്‍ന്നൊതുങ്ങിക്കരഞ്ഞ ബാല്യം
എങ്ങനെ ഞാനറിയും കുഞ്ഞേ... ?

പൊടി നിനക്കലര്‍ജ്ജിയാണെന്നും പറഞ്ഞ്‌
യാത്രയിലെന്നുമൊരു ശീല തരുമായിരുന്നു ഉമ്മ

ഒന്നു നീയുമെടുത്തു കൊള്‍ക
നീ ജീവിച്ചു വളര്‍ന്നിടങ്ങളിലെ
ഒടുങ്ങാത്ത ധൂളി മറയ്ക്കാനല്ല..
ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

------------------------

Read more...

മരിക്കാത്ത ചോദ്യങ്ങള്‍

>> Saturday, January 10, 2009

ഉമ്മാ,
ഇന്നലെയെന്‍ കൂടെക്കളിച്ചെന്‍ കൂട്ടുകാരന്‌
ഇന്നെന്തിന്‌
തലയിലൊരു വെള്ളത്തുണിക്കീറ്‌... ?
ഞങ്ങളൊന്നിച്ച്‌ കളിക്കേണ്ട നേരം
ആശുപത്രിയിലേക്കെന്നും പറഞ്ഞ്‌
ഇനിയവനെ കൊണ്ടു പോകരുത്‌...
അല്ലെങ്കിലും
ഇനിയുമവനെ കൊണ്ടു പോകാന്‍
‍പട്ടണത്തില്‍ ആശുപത്രിയില്ലെന്ന്,
അത്‌ പൊളിഞ്ഞു വീണെന്ന്
ഉമ്മ തന്നെ പറഞ്ഞില്ലേ...

ഉമ്മാ,
തിരികെവരുമ്പോള്‍ ‍കളിപ്പാട്ടം കൊണ്ടുവരാമെന്ന്
വെറുതെയെന്നെ കൊതിപ്പിച്ചിട്ട്‌
ഉപ്പയെന്തേ
ഇനിയും മടങ്ങിവരുന്നില്ല...

ഉമ്മാ,
അപ്പുറത്തെ വീട്ടില്‍
പുതിയ കുഞ്ഞുവാവയുണ്ടെന്ന്
കുഞ്ഞുവാവ ചിരിച്ചു കാണിക്കുന്നെന്ന്
കള്ളം പറഞ്ഞതെന്തിനെന്നോട്‌... ?
അവിടെ കുഞ്ഞു വാവയില്ല... താത്തയും....

ഉമ്മാ,
പകലുച്ചയായിട്ടുമെന്താണുമ്മാ
വെളിച്ചം വരാത്തത്‌...
ഇരുട്ടു നിറയുന്നത്‌..
പുക പടരുന്നത്‌...

ഉമ്മാ,
നോക്ക്‌...
നമ്മുടെ വീടൊരു ഭാഗം
പൊളിഞ്ഞുവീഴുന്നെന്നറിഞ്ഞിട്ടും
ഉമ്മയെന്തേ ഇനിയുമുണരുന്നില്ല... ... ?
ഉമ്മാ...

Read more...